Facebook Pages

News Update :
Home » » ഇനി ഏകദിനത്തിന്‍റെ ദിനങ്ങള്‍ : ഇന്ത്യ -ഓസ്‌ട്രേലിയ മത്സരം ഇന്ന്‌

ഇനി ഏകദിനത്തിന്‍റെ ദിനങ്ങള്‍ : ഇന്ത്യ -ഓസ്‌ട്രേലിയ മത്സരം ഇന്ന്‌



മെല്‍ബണ്‍: ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്‌ട്ര ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്നു തുടക്കമാകും. ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ 8.50 മുതല്‍ നടക്കുന്ന മത്സരം സ്‌റ്റാര്‍ ക്രിക്കറ്റിലും ദൂരദര്‍ശനിലും തത്സമയം കാണാം. 


മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടിലാണു കളി നടക്കുന്നത്‌. ഉച്ചയ്‌ക്കു ശേഷം അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമുള്ള കാലാവസ്‌ഥാ റിപ്പോര്‍ട്ട്‌ ഇരു ടീമുകളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്‌. 


2007-08 സീസണിനു ശേഷം ആദ്യമായാണ്‌ ഓസ്‌ട്രേലിയയില്‍ ത്രിരാഷ്‌ട്ര പരമ്പര നടക്കുന്നത്‌. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അവസാനം ഏകദിനം കളിച്ചത്‌ ലോകകപ്പിലായിരുന്നു. അഹമ്മദാബാദില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ചിരുന്നു.


2007-08 ലെ ഓസീസ്‌ പര്യടനത്തിലെ ജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്‌ ടീം ഇന്ത്യ. അന്നും ടെസ്‌റ്റില്‍ തോറ്റതിനു ശേഷമാണ്‌ ഇന്ത്യ ത്രിരാഷ്‌ട്ര പരമ്പര നേടിയത്‌. ട്വന്റി20 പരമ്പര സമനിലയാക്കിതിന്റെ ആത്മവിശ്വാസവും ഇന്ത്യക്കു കൂട്ടിനായുണ്ട്‌. ലോകകപ്പിനു ശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കുന്ന ആദ്യ ഏകദിനം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്‌. താരതമ്യേന യുവനിരയുമായാണ്‌ ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണി കളിക്കാനിറങ്ങുന്നത്‌. നൂറാം സെഞ്ചുറിയെന്ന സ്വപ്‌ന സാക്ഷാത്‌കാരത്തിനു മാസങ്ങളായി കാത്തിരിക്കുന്ന സച്ചിന്‍ ഒരു പക്ഷേ ഇന്നു നേടിയേക്കാം. സച്ചിന്‍ 99 ാം സെഞ്ചുറി നേടിയിട്ട്‌ 11 ടെസ്‌റ്റും 21 ഇന്നിംഗ്‌സും കഴിഞ്ഞു. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ ഊര്‍ജം നിറയ്‌ക്കുന്ന വിരാട്‌ കോഹ്ലി, സുരേഷ്‌ റെയ്‌ന എന്നിവരാണ്‌ ഇന്ത്യയുടെ തുറപ്പു ചീട്ട്‌. ട്വന്റി20 യില്‍ തിളങ്ങിയില്ലെങ്കിലും രോഹിത്‌ ശര്‍മയും മുതല്‍ക്കൂട്ടാകും. ഐ.പി.എല്ലില്‍ ജാക്ക്‌പോട്ടടിച്ച രവീന്ദ്ര ജഡേജയെ കൊള്ളണോ തള്ളണോ എന്നതാണ്‌ ടീമിനെ അലട്ടുന്നത്‌. രണ്ടാം ട്വന്റി20യില്‍ മാന്‍ ഓഫ്‌ ദ്‌ മാച്ചായ ജഡേജയെ പരിഗണിക്കേണ്ടി വന്നാല്‍ ഒരു ബാറ്റ്‌സ്മാനു പുറത്തിരിക്കേണ്ടി വരും. ഇര്‍ഫാന്‍ പഠാന്‍, ഉമേഷ്‌ യാദവ്‌, വിനയ്‌ കുമാര്‍ എന്നിവരില്‍ ഒരാള്‍ ഇന്നു കളിക്കും. രാഹുല്‍ ശര്‍മയെക്കാള്‍ അനുഭവ സമ്പത്തുള്ള അശ്വിനായിരിക്കും സ്‌പിന്നറുടെ റോളില്‍ ഇറങ്ങുക. ഷോണ്‍ മാര്‍ഷിന്റെ അഭാവത്തില്‍ ഡേവിഡ്‌ വാര്‍ണറെ ഓസീസിനു കളിപ്പിക്കേണ്ടി വരും. വെറ്ററന്‍ താരങ്ങളായ റിക്കി പോണ്ടിംഗ്‌, മൈക്കി എന്നിവരും ഇന്നു കളിച്ചേക്കും. ടീം: ഇന്ത്യ- എം.എസ്‌. ധോണി (നായകന്‍), ഗൗതം ഗംഭീര്‍, വീരേന്ദര്‍ സേവാഗ്‌, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട്‌ കോഹ്ലി, സുരേഷ്‌ റെയ്‌ന, രോഹിത്‌ ശര്‍മ, ആര്‍. അശ്വിന്‍, രാഹുല്‍ ശര്‍മ, പ്രവീണ്‍ കുമാര്‍, വിനയ്‌ കുമാര്‍, സഹീര്‍ ഖാന്‍. 


ഓസ്‌ട്രേലിയ- മൈക്കിള്‍ ക്ലാര്‍ക്ക്‌ (നായകന്‍), ഡേവിഡ്‌ വാര്‍ണര്‍, റിക്കി പോണ്ടിംഗ്‌, പീറ്റര്‍ ഫോറസ്‌റ്റ്, ഡാന്‍ ക്രിസ്‌റ്റ്യന്‍, ഡേവിഡ്‌ ഹസി, മൈക്ക്‌ ഹസി, മാത്യു വാഡെ, ബ്രെറ്റ്‌ ലീ, റയാന്‍ ഹാരിസ്‌, മിച്ചല്‍ സ്‌റ്റാര്‍ക്‌, സാവിയര്‍ ഡോഹര്‍ട്ടി, ക്ലിന്റ്‌ മകായി, മിച്ചല്‍ മാര്‍ഷ്‌.


Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.