Facebook Pages

News Update :
Home » » ബാഴ്സലോണയ്ക്ക് കടിഞ്ഞാണിട്ട് എ.സി മിലാന്‍.........

ബാഴ്സലോണയ്ക്ക് കടിഞ്ഞാണിട്ട് എ.സി മിലാന്‍.........





മിലാന്‍: ഫുട്ബോള്‍ ലോകം കാത്തിരുന്ന ക്ളാസിക് പോരാട്ടം ഒരു ഗോള്‍ പോലും പിറക്കാതെ സമനിലയില്‍ അവസാനിച്ചു. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദ മല്‍സരത്തില്‍ ബാഴ്സലോണയ്ക്ക് കടിഞ്ഞാണിട്ട് എ.സി മിലാന്‍ ലോക ചാംപ്യന്‍മാര്‍ക്ക്  യോജിച്ച പോരാളികള്‍ തന്നെയെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. സ്വന്തം തട്ടകമായ സാന്‍സിറോയിലാണ് മിലാന്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്സയെ തളച്ചത്. ഇതോടെ കാംപ്നൂവില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാവും.
അതേസമയം, ഒളിംപിക് മാഴ്സെയെ അവരുടെ ഗ്രൌണ്ടില്‍ 2-0ന് കീഴടക്കി ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് സെമിഫൈനല്‍ സാധ്യത ഏതാണ്ട് ഉറപ്പാക്കി. മരിയോ ഗോമസും ആര്യന്‍ റോബനുമാണ് ബയേണിന്റെ സ്കോറര്‍മാര്‍.
മികച്ച നീക്കങ്ങളിലൂടെ കളിയുടെ ഭൂരിഭാഗവും ആധിപത്യം പുലര്‍ത്തിയത് ബാഴ്സലോണ തന്നെയായിരുന്നു. സ്വന്തം ഗ്രൌണ്ടില്‍ ചാംപ്യന്‍സ് ലീഗില്‍ ഇതുവരെ പാരജയം അറിഞ്ഞിട്ടില്ലെന്ന ചരിത്രത്തിന്റെ പിന്തുണയോടെയാണ് മിലാന്‍ ബാഴ്സയ്ക്കെതിരേ ബൂട്ട് കെട്ടിയത്. ബാഴ്സയുടെ കരുത്തിനെ തളച്ച് മിലാന്‍ ചരിത്രം തുടരുകയും ചെയ്തു. ഗോളടിയന്ത്രമായ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയെ ഗോളടിക്കുന്നതില്‍ നിന്നു തടയുന്നതില്‍ വിജയിച്ചതാണ് മിലാന് തുണയായത്. മികച്ച നിരവധി നീക്കങ്ങളിലൂടെ ബാഴ്സ നിരന്തരം മുന്നേറിയെങ്കിലും ഒന്നും ഗോളിലേക്കെത്തിക്കാന്‍ മിലാന്‍ പ്രതിരോധനിര അനുവദിച്ചില്ല. സാവി ഹെര്‍ണാണ്ടസും മെസ്സിയും അലക്സിസ് സാഞ്ചസും നിരവധി ഗോളവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ ഫിനിഷിങില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. അലസാണ്ര്േടാ നെസ്റ്റയും മാസിമോ അംബ്രോസിനിയുമടങ്ങിയ മിലാന്‍ പ്രതിരോധനിരയില്‍ തട്ടി ബാഴ്സയുടെ ഗോള്‍ശ്രമങ്ങളെല്ലാം തകരുകയായിരുന്നു. കൂടാതെ മിലാന്‍ ഗോള്‍കീപ്പര്‍ ക്രിസ്റ്യന്‍ അബ്ബ്യാറ്റി അലക്സിസ് സാഞ്ചസിനെ വീഴ്ത്തിയപ്പോള്‍ ബാഴ്സ ഒരു പെനല്‍റ്റി പ്രതീക്ഷിച്ചിരുന്നെങ്കിലും റഫറി അനുവദിച്ചില്ല.
അതിനിടെ, മികച്ച ചില പ്രത്യാക്രമണങ്ങള്‍ നടത്താനും മിലാനു കഴിഞ്ഞു. റൊബീഞ്ഞോയും സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചും ചില ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വിജയിച്ചില്ല. തന്റെ മുന്‍ ക്ളബ്ബായ ബാഴ്സലോണയ്ക്കെതിരേ ഗോള്‍ നേടാനുള്ള ഇബ്രാഹിമോവിച്ചിന്റെ അവസരം ഗോള്‍കീപ്പര്‍ വിക്റ്റര്‍ വാല്‍ഡസ് തടഞ്ഞു.
മാഴ്സെയ്ക്കെതിരേ കടുത്ത പോരാട്ടം പുറത്തെടുത്താണ് ബയേണ്‍ മ്യൂണിക്ക് രണ്ടുഗോള്‍ ജയം നേടിയത്. അടുത്ത മല്‍സരം ഹോം ഗ്രൌണ്ടിലായതിന്റെ ആനുകൂല്യവും ആദ്യപാദത്തിലെ ജയവും സെമി ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ബയേണ്‍. തുടക്കത്തില്‍ തന്നെ ആതിഥേയര്‍ നേരിയ ആധിപത്യം നേടിയിരുന്നു. മാഴ്സെയെ മുന്നിലെത്തിക്കാനുള്ള ലോയ്ക് റെമിയുടെ ശ്രമം പരാജയപ്പെട്ടു. റെമിയുടെ ക്ളോസ് റേഞ്ച് ഷോട്ട് പോസ്റ്റിനരികിലൂടെ പാഴാവുകയായിരുന്നു. മാഴ്സെ ആക്രമണം ശക്തമാക്കിയപ്പോള്‍ ബയേണും തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങി. 44ാം മിനിറ്റില്‍ മരിയോ ഗോമസിലൂടെ ബയേണ്‍ ലീഡ് നേടുകയും ചെയ്തു. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ ഗോമസ് നേടുന്ന 11ാമത്തെ ഗോളാണിത്. 12 ഗോള്‍ നേടിയ ലയണല്‍ മെസ്സിയാണ് ഗോള്‍വേട്ടയില്‍ മുന്നില്‍.
രണ്ടാം പകുതിയില്‍ ആര്യന്‍ റോബന്‍ ബയേണിന്റെ ലീഡുയര്‍ത്തി. 69ാം മിനിറ്റില്‍ തോമസ് മുള്ളര്‍ നല്‍കിയ മനോഹരമായ പാസ് റോബന്‍ അതിവിദഗ്ധമായി വലയിലേക്ക് തട്ടിയിടുകയായിരുന്നു.
കഴിഞ്ഞ ഒമ്പത് മല്‍സരങ്ങളില്‍ എട്ടിലും പരാജയപ്പെട്ടാണ് മാഴ്സെ ബയേണിനെ നേരിടാനിറങ്ങിയത്. എന്നാല്‍ ജയം നേടാനായില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ മാഴ്സെയ്ക്കു കഴിഞ്ഞു.
Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.