Facebook Pages

News Update :
Home » » സെവന്‍സിലും ഇനി പ്രീമിയര്‍ ലീഗ്

സെവന്‍സിലും ഇനി പ്രീമിയര്‍ ലീഗ്


കൊച്ചി. സെവന്‍സ് ഫുട്ബോളിലും ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍  പ്രീമിയര്‍ ലീഗ് വരുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന പ്രഥമ ലീഗിനു കാക്കനാട് വേദിയാകും. നാല് അന്യ സംസ്ഥാന ടീമുകള്‍ ഉള്‍പ്പെടെ 16 ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സെവന്‍സ് ഫുട്ബോള്‍ പ്രീമിയര്‍ ലീഗിനോട് അനുബന്ധിച്ചു ഫുട്ബോള്‍ കാര്‍ണിവല്‍ പോലുള്ള വിനോദ പരിപാടികളും അരങ്ങേറും. കേരള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ (കെഎസ്എഫ്എ) സഹകരണത്തോടെ എന്‍ സ്പോര്‍ട്സാണു ലീഗ് സംഘടിപ്പിക്കുന്നത്.


സെവന്‍സ് ഫുട്ബോളിനു പ്രഫഷണല്‍ മുഖം ലക്ഷ്യമിടുന്ന ലീഗിനു ഫിഫയുടെ അംഗീകാരം നേടാനും ശ്രമിക്കുമെന്നു കെഎസ്എഫ്എ പ്രസിഡന്റ് കെ.എന്‍. ലെനിന്‍ പറഞ്ഞു. കേരള ഫുട്ബോള്‍ അസോസിയേഷനുമായി (കെഎഫ്എ) ഒരുവിധ സംഘര്‍ഷവും ആഗ്രഹിക്കുന്നില്ല. ഫുട്ബോളിനെ ജനകീയമാക്കാനുള്ള ശ്രമമാണിത്. അതിനായി കെഎഫ്എയുമായും ആശയവിനിമയം നടത്തും. സെവന്‍സിനെ അംഗീകരിക്കാന്‍ സര്‍ക്കാരും കെഎഫ്എയും തയാറാകണം. സെവന്‍സിനു മലബാറിലും തൃശൂരിലുമാണു കൂടുതല്‍ വേരുകളുള്ളത്. തെക്കന്‍ ജില്ലകളില്‍ക്കൂടി പ്രചാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. പ്രമുഖ സെവന്‍സ് ടീമുകളായ ബ്ളാക്ക് ആന്‍ഡ് വൈറ്റ്, അല്‍ മദീന, ജിംഖാന, സൂപ്പര്‍ സ്റ്റുഡിയോ തുടങ്ങിയ ടീമുകളൊക്കെ ലീഗില്‍ കളിക്കും. നൈജീരിയ, ലൈബീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നു താരങ്ങളെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഐപിഎല്‍ മാതൃകയില്‍ കളിക്കാരുടെ ലേലവും കോര്‍പറേറ്റുകളുടെ പങ്കാളിത്തവും ഉണ്ടാകുമെങ്കിലും സെവന്‍സിന്റെ തനിമ നിലനിര്‍ത്തുമെന്ന് എന്‍ സ്പോര്‍ട്സ് പ്രതിനിധി സെബിന്‍ പൌലോസ് പറഞ്ഞു. 


ചിയര്‍ ഗേള്‍സ് ഉണ്ടാകില്ല. ഫുട്ബോള്‍ കാര്‍ണിവലിന്റെ ഭാഗമായി ഫുട്ബോള്‍ അനുബന്ധ സിനിമകളുടെ പ്രദര്‍ശനവും ഫുഡ് ഫെസ്റ്റിവലും നാടന്‍കലകളും സംഗീതവുമെല്ലാം അരങ്ങേറും. കെട്ടിപ്പൊക്കിയ ഗാലറികള്‍ക്കു നടുവില്‍ ഫ്ളഡ്ലൈറ്റ് വെളിച്ചത്തിലാകും കളി. ടെലിവിഷന്‍ ചാനലുകളില്‍ തത്സമയ സംപ്രേഷണത്തിനായി ചര്‍ച്ച നടത്തുന്നുണ്ട്. കേരളത്തിന്റെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തും. രാജ്യാന്തര തലത്തില്‍ സെവന്‍സ് ഫുട്ബോളിന്റെ മുദ്രയെത്തിക്കുകയാണു ലക്ഷ്യം. കെഎസ്എഫ്എ ജില്ലാ പ്രസിഡന്റ് ഷൈജോ പോള്‍, ആര്‍.ബി. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.